കുന്നോത്ത് പറമ്പ് :കുന്നോത്ത്പറമ്പ് ടൗണിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


പാനൂരിൻ്റെ കിഴക്കൻ മേഖലയായ കുന്നോത്ത് പറമ്പ് ടൗണിലാണ് അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. ഏതാണ്ട് അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ള ബസ് സ്റ്റോപ്പ് സംരക്ഷിക്കാനാളില്ലാതെ നാശോന്മുഖമാണ്. യാത്രകാർക്ക് മഴയും വെയിലുമേൽക്കാതെ ബസ് കാത്തിരിക്കാനായി പണിത ഷെൽട്ടർ ഈ നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമാണ് . പക്ഷേ കുറച്ചു വർഷങ്ങളായി ഈ ബസ് കാത്തിരിപ്പ് കേന്ദ്രം തീർത്തും അപകടകരമായ അവസ്ഥയിലാണ്. മേൽക്കൂരയുടെ കോൺക്രീറ്റ് മുഴുവൻ പൊളിഞ്ഞ്, ഉള്ളിലെ കമ്പികൾ ദ്രവിച്ച അവസ്ഥയാണ്. നിലത്തിൻ്റെ സിമന്റ് ചില ഭാഗങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. കോൺക്രീറ്റ് തൂണുകൾ ഇല്ലാതെ കല്ലിൽ മാത്രമാണ് ഈ ഷെൽട്ടർ നിൽക്കുന്നത്. മഴപെയ്യുമ്പോൾ മേൽക്കൂര ചോർന്ന് വെള്ളം ' കല്ലുകൾക്കിടയിലേക്ക് ഊർന്നിറക്കുകയാണ്. രണ്ടുദിവസം മുമ്പ് കോൺക്രീറ്റിൻ്റെ ചില ഭാഗങ്ങൾ അടർന്നു വീഴുകയും ചെയ്തു. രാവിലെ സ്കൂളിൽ പോകുന്ന നിരവധി കുട്ടികളും ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്. അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു ദുരന്തത്തിന് കാത്തിരിക്കാതെ പുതുക്കി പണിയണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Bus waiting center in Kunnoth Paramba city center in a dangerous condition; Urgent repairs required
